‘കൊളോണിലെ ഇന്ത്യൻ കത്തോലിക്ക കമ്യൂണിറ്റി -സിറോ മലബാർ- കമ്മിറ്റി മീറ്റിംഗും, കോർഡിനേഷൻ കമ്മിറ്റി തിരഞ്ഞെടുപ്പും’
കൊളോണിലെ ഇന്ത്യൻ കത്തോലിക്കാ സമൂഹം ഇവിടെ നിലവിൽ വന്നിട്ട് 54 വർഷം പൂർത്തിയാവുകയാണ്. ഇന്ത്യൻ കത്തോലിക്കാ സമൂഹത്തിൻറെ ഭാഗമായിട്ടുള്ള നമ്മുടെ ഇടവകയുടെ പ്രവർത്തനങ്ങളിൽ ഇഗ്നേഷ്യസ് അച്ചനെ സഹായിക്കുന്നതിലേക്കായി കോർഡിനേഷൻ കമ്മിറ്റി നിലവിൽ വന്നിട്ട് 20 വർഷം പൂർത്തിയായി.
2024ലെ ഇന്ത്യൻ കത്തോലിക്ക കമ്മ്യൂണിറ്റിയുടെ, കമ്മിറ്റി മീറ്റിംഗ് സെപ്റ്റംബർ 28 തീയതി ലിബ്(ഫൗൻ ദേവാലയത്തിൽ കൂടുകയുണ്ടായി. ഇടവകയിലെ കുടുംബ സമ്മേളനങ്ങളുടെ പ്രതിനിധികളും മറ്റ് പ്രവർത്തന വിഭാഗങ്ങളിലെ പ്രതിനിധികളുമായി ഏകദേശം 48 ഓളം പേർ മീറ്റിങ്ങിൽ പങ്കെടുത്തു. പ്രാരംഭ പ്രാർത്ഥനയ്ക്കും ആമുഖപ്രസംഗത്തിനുശേഷം 2024ലെ കമ്മിറ്റി മീറ്റിങ്ങിലേക്ക് കടന്നുവന്നിരിക്കുന്ന എല്ലാവരെയും പ്രത്യേകമായി യുവജനങ്ങളെയും ഇടവകയുടെ സേവനത്തിനു വേണ്ടി സുത്യർഹമായ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കമ്മിറ്റി അംഗങ്ങൾ ഓരോരുത്തരെയും ഇഗ്നേഷ്യസ് അച്ചൻ സ്നേഹപൂർവ്വം മീറ്റിങ്ങിലേക്ക് സ്വാഗതം ചെയ്തു. ജീവിതത്തിൻറെ തിരക്കിനിടയിലും ദൈവത്തോടും മറ്റുള്ളവരോടും നന്ദിയുള്ളവരായിരിക്കുവാൻ അദ്ദേഹം എല്ലാ കമ്മറ്റികളെയും ഓർമിപ്പിച്ചു.
അച്ചന്റെ ആമുഖ പ്രഭാഷണത്തിനു ശേഷം ഓരോ സ്ഥലങ്ങളിൽ നിന്നും ഓരോ കമ്മിറ്റികളിൽ നിന്നും വന്ന അംഗങ്ങൾ സ്വയം പരിചയപ്പെടുത്തുകയും അവരവർ പ്രതിനിധീകരിക്കുന്ന ഓരോ കൂട്ടായ്മകളുടെയും പ്രവർത്തനങ്ങളെപ്പറ്റി പങ്കുവയ്ക്കുകയും ചെയ്തു. വളരെ സജീവമായി ഓരോ സ്ഥലങ്ങളിലെയും പ്രവർത്തനങ്ങളെപ്പറ്റി കേൾക്കുവാൻ സാധിച്ചു എന്നുള്ളത് വളരെ സന്തോഷം ഉളവാക്കുന്ന കാര്യമാണ്. കോർഡിനേഷൻ കമ്മിറ്റിയുടെ 20-മത് വാർഷിക റിപ്പോർട്ട് കൺവീനർ ആയിരുന്ന ആന്റണി സക്കറിയ അവതരിപ്പിക്കുകയും സമ്മേളനം റിപ്പോർട്ട് പാസാക്കുകയും ചെയ്തു. തുടർന്ന് പൊതു ചർച്ചയും, ഉച്ചഭക്ഷണവും ആയിരുന്നു. ഉച്ചഭക്ഷണത്തിനുശേഷം 2025ലെ പ്രോഗ്രാം ഡേറ്റുകൾ എല്ലാവരും ചർച്ച ചെയ്തു തീരുമാനിക്കപ്പെട്ടു.
‘കോർഡിനേഷൻ കമ്മിറ്റി തിരഞ്ഞെടുപ്പ്‘
10-മത് കോർഡിനേഷൻ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് ഇതിനുശേഷം നടക്കുകയുണ്ടായി. ആഹൻ, ഏസന്‍ രൂപതകൾ നിന്നുള്ള രണ്ട് പ്രതിനിധികളുടെ തെരഞ്ഞെടുപ്പ് പതിവുപോലെ യോഗത്തിനു മുൻപേ തന്നെ പൂർത്തിയാക്കിയിരുന്നു. പുതിയ കമ്മിറ്റിയിലേക്ക് യുവജനങ്ങളിൽ നിന്നും രണ്ടു പേരെയും കൂടി ഉൾപ്പെടുത്തി കോഓർഡിനേഷൻ കമ്മിറ്റി 12 പേര് ആയിട്ട് വികസിപ്പിച്ചു. തുടർന്ന് കോർഡിനേഷൻ കമ്മിറ്റി അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ട 12 പേരെയും ബഹുമാനപ്പെട്ട ഇഗ്നേഷ്യസ് അച്ചൻ അഭിനന്ദിക്കുകയുണ്ടായി.
പുതിയ കോർഡിനേഷൻ കമ്മിറ്റി അംഗങ്ങൾ –
ആന്റണി സക്കറിയ, ഹാനോ തോമസ് മൂർ, സാബു ചിറ്റിലപ്പിള്ളി, ഷീബ കല്ലറക്കൽ, സൗമ്യ ജോസി, പിന്റോ ചിറയത്ത്, ബൈജു പോൾ, അദിൻ ജോസഫ്, അൻസ പോൾ, ജോസ് പുതുശ്ശേരി, ബേബി നെടുങ്കല്ലേൽ. ഷിന്റോ രാജൻ. (പുതിയ കമ്മിറ്റി അംഗങ്ങളെ നിങ്ങൾക്ക് മുകളിൽ കാണാവുന്നതാണ്.)
തുടർന്ന് അച്ചന്റെ നേതൃത്വത്തിൽ നടന്ന മീറ്റിങ്ങിൽ ആന്റണി സക്കറിയ കൺവീനറായും ഹാനോ തോമസ് മൂർ സെക്രട്ടറിയായും സാബു ചിറ്റിലപ്പിള്ളി ഖജാൻജി ആയും തെരഞ്ഞെടുക്കപ്പെട്ടു.
ഏകദേശം മൂന്നരയോടെ യോഗം സമാപിക്കുകയും, അച്ചൻ ഏവർക്കും നന്ദി പറയുകയും ചെയ്തു.